
സൗഹൃദം സുഹൃത്തുക്കളി ല്ലാത്തവരായി ആരും തന്നെ ഇല്ല . ഒരുമിച്ചു പഠിച്ചവർ, അയൽക്കാർ , യാത്രയിലോ മറ്റോ പരിചയപെട്ടവർ അങ്ങനെ നീണ്ട ഒരു നിരതന്നെ സുഹൃത്തുക്കളുണ്ടാകും. നല്ല സുഹൃത്തുക്കൾ എന്നും നമുക്ക് വിലമതിക്കാനാവാത്ത സമ്മാനമാണ്. എന്താണ് സൗഹൃദം എന്ന വാക്കിനർത്ഥം? പണമോ, പദവിയോ, സൗന്ദര്യമോ കണ്ടു കൂട്ടുകൂടുന്നവരാണോ? അതോ ഏതെങ്കിലും കാര്യസാധ്യത്തിനോ സഹായത്തിനോ വേണ്ടി സൗഹൃദം ഭാവിക്കുന്നവരാണോ? ആരാണ് ഒരു യഥാർത്ഥ സുഹൃത്ത് ? വളരെ ശ്രദ്ധാപൂർവ്വവും ഗൗരവത്തോടെയും വേണം സുഹൃത്തുക്കളെ തിരഞ്ഞെടുക്കാൻ. സൗന്ദര്യമോ, പണമോ അല്ല സുഹൃത്തുക്കളെ കണ്ടെത്തുമ്പോൾ ശ്രദ്ധിക്കേണ്ടത്. അവരുടെ മനസ്സിനെയാണ്. ഒരാളുടെ ഉന്നമനത്തിൽ മറ്റെയാൾ ആഹ്ലാദിക്കുകയും പ്രാർത്ഥിക്കുകയും കൂടെ നിൽക്കുകയും വേണം. സുഹൃത്തിനെ തളർത്താനല്ല, ഉന്മേഷം പകരാനാണ് ഒരു യഥാർത്ഥ സുഹൃത്ത് ശ്രമിക്കേണ്ടത്. ഏതൊരപകടസ്ഥിതിയിലും കൈവെടിയാതെ മനസ്സിനും ശരീരത്തിനും ആശ്വാസവും ധൈര്യവും നൽകി കൂടെനിൽക്കുന്നവരാണ് ഒരു യഥാർത്ഥ സുഹൃത്ത്. തന്ടെ സുഹൃത്തിന് സംസാരവും സാമീപ്യവും കൊണ്ട് ആശ്വാസം നല്കാൻ കഴിയണം. നന്മയിൽ ചലിക്കാനും നല്ലവഴികൾ സുഹൃത്തുക്കൾക്ക് തുറന്നുകൊടുക്കാനും കഴിയണം. സൗഹൃദം മനസ്സിൽനിന്നുമാണ് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ചപലമായ പരിചയങ്ങൾപോലെ സൗഹൃദം നഷ്ടപ്പെടുകയില്ല. ജീവിതത്തിൽ സന്തോഷവും സങ്കടവും പങ്കുവെക്കുവാൻ കൂടെയുള്ള സുഹൃത്തിന് പകരമായി വരുകയില്ല മറ്റ് ഏതു പരിചയക്കാരും ബന്ധുക്കളും. ഒരു നല്ല സുഹൃത്തിനെ കണ്ടെത്തുന്നതുപോലെ തന്നെ ശ്രദ്ധിച്ചുവേണം ഒരു സൗഹൃദം നിലനിർത്താനും. മറ്റുള്ളവരുടെ വാക്കുകേട്ടോ പരുഷമായ വാക്കുകൾ കൊണ്ടോ ആ സൗഹൃദം മുറിച്ചുകളയരുത്. സ്നേഹം പോലെതന്നെ പവിത്രമായതാണ് സുഹൃത്‌ബന്ധവും. 'ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട ' എന്ന പഴഞ്ചൊല്ലുപോലെ ആത്മാർത്ഥ സുഹൃത്തിന് തന്റെ മനസ്സ് പ്രതിഫലിപ്പിക്കാൻ കഴിയും. ആ ബന്ധത്തിനിടയിൽ കാപട്യമോ ചതിയോ ഉണ്ടാകില്ല. സത്യസന്ധതയും സ്നേഹവുമാണ് സുഹൃത്ബന്ധങ്ങളുടെ അടിത്തറ. AMRUTHA .P .S 3054
No comments:
Post a Comment