സുന്ദര കേരളത്തിലൂടെ ഒരു ദിനം
കഴിഞ്ഞ കൊല്ലം ഏപ്രിൽ മാസത്തിലെ ഒരു തിങ്കളാഴ്ച രാവിലെ അഞ്ചു മണി തിരിഞ്ഞാണ് ഞങ്ങൾ വീട്ടിൽ നിന്നും പുറപ്പെട്ടത്. ഞാനും അമ്മയും അച്ഛനും ചേട്ടന്മാരും ചേച്ചിമാരും എല്ലാവരും കൂടിയുള്ള രസകരമായ യാത്ര. സൈലന്റ് വാലിയിലേക്കുള്ള വഴിയിൽ ഞങ്ങളെ സ്വീകരിച്ചത് പതിനൊന്നു ഹെയർപിൻ വളവോടുകൂടിയ അട്ടപ്പാടി ചുരമാണ്. ആ ചുരം കടന്നു മുകളിലെത്തിയപ്പോൾ സൈലൻറ് വാലി ഞങ്ങളെ വരവേറ്റു.പാർക്കിനുള്ളിലേക്ക് സ്വകാര്യവാഹനങ്ങൾക്ക് പ്രവേശനമില്ലാത്തതിനാൽ ബസ് ഇൻഫർമേഷൻ സെന്റർ ഗ്രൗണ്ടിൽ പാർക്ക് ചെയ്തതിനുശേഷം ജീപ്പിലായിരുന്നു ഞങ്ങളുടെ യാത്ര. കൂടെ സെന്റർ വഴി അയച്ച ഒരു ഗൈഡുമുണ്ടായിരുന്നു. അതിമനോഹരവും വിജ്ഞാനപ്രദവുമായ ഒരു യാത്രയായിരുന്നു അത്. സൈലന്റ് വാലിയുടെ മടിത്തട്ടിലേക്ക് ..... ജൈവവൈവിധ്യങ്ങളുടെ കലവറയാണിതെന്നും അപൂർവ്വ സസ്യങ്ങളും ഔഷധഗുണമുള്ള ചെടികളും മരങ്ങളും അവിടെയുണ്ടെന്നും ഇതുപോലൊരു വനം വേറെ എവിടെയും ഉണ്ടാകില്ലെന്നും ഗൈഡ് പറഞ്ഞു.
പോകുന്ന വഴി മൃഗങ്ങളെ ഒന്നും കണ്ടില്ല. ഒരുപക്ഷെ കൊടും കാടുകളിലേക്ക് അവ ഓടി ഒളിച്ചിട്ടുണ്ടാവാം.എന്നാലും തിക്കും തിരക്കും നിറഞ്ഞ ജീവിതത്തിൽ കുറച്ചു സമയം ഇവിടെ ചിലവഴിക്കാനൊത്തത് ഭാഗ്യമെന്ന് ഓർത്തുപോയി. കാരണം ആ ശാന്തസുന്ദരമായ പ്രകൃതി എല്ലാ വിവശതകളെയും കുറച്ചു നേരത്തേക്ക് മറക്കാൻ സഹായിച്ചു. പുതിയതും അതിമനോഹരവും അത്ഭുതകരവുമായ പ്രകൃതിയുടെ മറ്റൊരു മുഖം പോലെ എനിക്ക് തോന്നി.ചില ചിത്രങ്ങൾ ഞാൻ ക്യാമറയിൽ പകർത്തി.
ഉച്ചയ്‌ക്ക് രണ്ടുമണിക്ക് അവിടെയുള്ള അതിമനോഹരമായ കുന്തിപ്പുഴയിൽ ഞങ്ങൾ എത്തി. പ്രകൃതിയെ കൂടുതൽ സുന്ദരിയാക്കി നിറഞ്ഞു തുളുമ്പുന്ന ചിരി പോലെയാണ് ആ പുഴയെ ഞാൻ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നത്. അവിടെ നിറയെ പാറക്കെട്ടുകളുണ്ട്.അവിടെ കയറാൻ അമ്മ സമ്മതിച്ചില്ല. ക്യാമറ ചേട്ടൻറെ കയ്യിൽ കൊടുത്തിട്ടു ഒരു ഫോട്ടോ എടുത്തുതരാൻ പറഞ്ഞു.ചേട്ടൻ അതിൻറെ മുകളിൽ കയറി ഫോട്ടോ എടുത്തു. അതിനുശേഷം ക്യാമറ എൻറെ നേരെ നീട്ടി. അതുവാങ്ങാൻ ഞാൻ അവിടേയ്ക്ക് ഓടി. അപ്പോഴാണ് എന്റെ മനസ്സിനെ മരവിപ്പിച്ച ആ ദുരന്തത്തിന് ഞാൻ സാക്ഷിയായത്..... ചേട്ടൻ കാലുതെറ്റി പാറക്കെട്ടുകൾക്ക് മുകളിൽ നിന്ന് താഴേക്ക് വീണു. ആ രംഗം കണ്ടുനിന്ന എല്ലാവരും ഓടിക്കൂടി. ചേട്ടൻറെ അമ്മയും ബന്ധുക്കളും അലമുറയിട്ടു കരഞ്ഞു. അറിയാതെയാണെങ്കിലും ഞാൻ കാരണമാണല്ലോ എന്ന കുറ്റബോധം എന്നെ വലച്ചു . വീണ്ടും വീണ്ടും ആ രംഗം എന്റെ മനസിലേക്ക് വന്നു. ആ സംഭവത്തിന്റെ ആഘാതത്തിൽ കരയാൻ പോലും എനിക്ക് കഴിഞ്ഞില്ല.രണ്ടു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ തൽക്ഷണം മരിച്ചിരുന്ന ചേട്ടൻറെ ജഡം കിട്ടി. വളരെ വിഷമത്തോടുകൂടി ചേട്ടനേയും കൊണ്ട് ഞങ്ങൾ നാട്ടിലേക്ക് മടങ്ങി. ഒരുപാട് സന്തോഷത്തോടെ എത്തിയ ഞങ്ങൾ ഒരുപാട് ദുഃഖത്തോടെ മടങ്ങി.
എന്റെ ചേട്ടന്റെ മരണത്തിനു സാക്ഷിയായ കുന്തിപ്പുഴ നിരാശ കലർന്ന പുഞ്ചിരിയോടെ ഞങ്ങളെ യാത്രയാക്കി.... എൻറെ ചേട്ടന്റെ ശബ്ദവും കളിയും ചിരിയുമെല്ലാം അവിടെ ഉയർന്നുകേട്ടു. ഇന്നും ആ സംഭവം ഒരു നിഴൽ പോലെ എന്നെ പിന്തുടരുന്നു....യാത്രയെക്കുറിച്ചു പറയുമ്പോൾത്തന്നെ മനസിലേക്ക് ഓടിയെത്തുന്ന ഒരു അനുഭവമാണിത്.ഓർക്കുമ്പോൾ അറിയാതെ തന്നെ എന്റെ കണ്ണ് നിറയുന്നു................
APARNA.P.S
3002
No comments:
Post a Comment