"സ്വന്തം കുടുംബത്തിനു വേണ്ടി നാട്ടിലെ സമ്പന്നരുടെ വീട്ടിലെ അടുക്കളപ്പണി ചെയ്യാനായിരുന്നു ആ അമ്മയുടെ വിധി.മൂന്ന് ആൺമക്കളും നാല് പെൺമക്കളും ആയിരുന്നു ആ അമ്മയുടെ ഏക സമ്പാദ്യം.രണ്ടാമനായ കുട്ടന്റെ സഹപാഠിയുടെ വീട്ടിലാണ് അമ്മ സ്ഥിരമായി നില്കാറ് .കരുണനിറഞ്ഞ മുതലാളി ഇടയ്ക്കിടെ ആ അമ്മയ്ക്ക് പഴകിയതും കീറിപ്പറിഞ്ഞതുമായ വസ്ത്രങ്ങൾ കുട്ടികൾക്കായി കൈമാറാറുണ്ട്.അമ്മ കഷ്ടപ്പെട്ട് കൊണ്ടുവരുന്ന ആ വസ്ത്രം ഒരു അലസതയും കൂടാതെ കുട്ടൻ ധരിക്കുമായിരുന്നു.എന്നാൽ പള്ളിക്കൂടത്തിൽ കഴുകനെ പോലെ പരിഹാസങ്ങളും കുത്തുവാക്കുകളുമായി ആ വസ്‌ത്രതിന്റെ 'യഥാർത്ഥ അവകാശി' അവിടെ ഉണ്ടാകും.പരിഹാസങ്ങളിൽ നിന്ന് രക്ഷപ്പെടാൻ അവൻ ഇരുളിൽ ഒളിച്ചിരിക്കാറുണ്ട്.തേങ്ങി കരയുന്ന അവന്റെ കൊച്ചു ഹൃദയത്തെ ആശ്വസിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല.എന്നാൽ ചങ്കൂറ്റത്തോടെ വീണ്ടെടുത്ത ആ ധൈര്യത്തോടെ അവൻ ഉയർത്തെഴുന്നേറ്റു.നിറമിഴികൾ തുടച് പരിഹാസങ്ങളെ ചെറുപുഞ്ചിരിയോടെ നേരിട്ടു."
ഇത് 'കുന്നിശ്ശേരിവീട്ടിൽ രാമൻ മണി ' എന്ന വ്യക്തിയുടെ ഒരു കൊച്ചു ജീവിതനത്ഭുതമാണ്.ആ പേര് ഒരുപക്ഷെ നമുക്ക് അപരിചിതം ആയിരിക്കും.എന്നാൽ 'ചാലക്കുടിക്കാരൻ കലാഭവൻ മണി'എന്ന പേരു പറഞ്ഞാൽ അറിയാത്തവരായി ആരും തന്നെ കാണില്ല.
'കലാഭവൻ 'എന്ന പ്രസ്ഥാനത്തിന് വേണ്ടി മിമിക്രി ചെയ്ത് കലാസാംസ്കാരിക ജീവിതത്തിന് തുടക്കം കുറിച്ച മണി വ്യത്യസ്തയാർന്ന അഭിനയമികവ് കൊണ്ട് ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിച്ചു.
എന്നാൽ മണിയെ പ്രേക്ഷകർ സ്നേഹിച്ചിരുന്നത് 'നാടൻപാട്ട്' എന്ന മഹത്തായ കലാരൂപത്തിന് പുതിയ രൂപവും ഭാവവും ജീവനും നല്കിയതിനാണ്.സ്വന്തo ജീവിതസാഹചര്യങ്ങളും കള്ളുഷാപ്പിന്റെ താളമേളങ്ങളും ആണ് മണിയുടെ നാടൻപാട്ടിന്റെ ചേരുവ.
ഒന്നുമില്ലായ്മയിൽ നിന്ന് വളർന്ന് വന്ന മണി താൻ സഞ്ചരിച്ച വഴികളും ജീവിതസാഹചര്യങ്ങളും ഒന്നും മറന്നില്ല.സഹായം തേടി വരുന്നവരെ മണി രണ്ട് കയ്യും നീട്ടി സ്വീകരിച്ചു.പാവപ്പെട്ടവരുടെ സ്വന്തം മണി ആഘോഷവേളകളിൽ ആനന്ദം പകരാനായി നിരവധി അവതരണങ്ങൾ ആണ് കാഴ്ചവച്ചത്.അതിരപ്പിള്ളിയിലെ രണ്ട് ആദിവാസി കുടിലുകൾ മണി ഏറ്റെടുത്തു.സമയം കിട്ടുമ്പോൾ ചാലക്കുടിയിലൂടെ തന്റെ ഓട്ടോയുമായി മണി ഇറങ്ങും.നാട്ടുകാരെയും വീട്ടുകാരെയും തന്റെ കൂടെപ്പിറപ്പായി തന്നെ കണ്ട മണി എന്നും ഒരു മണിരത്നം ആയിരുന്നു .
ആദ്യമായി മുഖ്യനടന്റെ ഭാവത്തിൽ ചലച്ചിത്രമേഖല തേടിവന്നത് 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന ചലച്ചിത്രത്തിന്റെ രൂപത്തിൽ ആയിരുന്നു .മനുഷ്യമനസ്സുകളെ നൊമ്പരിപ്പിച്ചു മണി അഭിനയിച്ചപ്പോൾ അദ്ദേഹത്തെ തേടി വന്നത് ദേശിയ പുരസ്‌കാരം ആയിരുന്നു.അതും സ്പെഷ്യൽ ജൂറി പുരസ്കാരം!സ്വന്തമായൊരു അഭിനയശൈലിയും ഭാവവും മണിയെ വളർച്ചയിലേക്കു നയിച്ചു.ഇന്നും 'കരിമാടികുട്ടൻ'കാണുമ്പോൾ നമ്മുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോകും.
2016 മാർച്ച് ആറാം തീയ്യതി മരണം അദ്ദേഹത്തെ കൈക്കലാക്കി. മണി എന്ന വ്യക്തിക്കാണ് മരണം സംഭവിച്ചത്.മണി എന്ന വികാരം എന്നും നമ്മുടെ ഉള്ളിൽ ഉണ്ടാകും.അദ്ദേഹം തന്റെ നാടൻപാട്ടിലൂടെ എന്നും ജീവിച്ചുകൊണ്ടേ ഇരിക്കും.
ഒരിക്കൽ കലാലയത്തിൽ നിന്നും വീട്ടിലേക്ക് ബസിലിരുന്നു യാത്ര ചെയ്യുമ്പോഴാണ് എന്റെ പ്രിയസുഹൃത്തു, കലാഭവൻ മണിയുടെ ചങ്ങലരൂപത്തിലുള്ള ഏകദേശം ഒരു മണിക്കൂർ ദൈർഘ്യമുള്ള നാടൻപാട്ട് തരുന്നത്.ആദ്യം കേൾക്കാൻ മടികാണിച്ച ഞാൻ, പാട്ടു തീർന്നത് അരിഞ്ഞത് വീട്ടിനടുത്ത് എത്തിയപ്പോളാണ്.അതിലൂടെ ഞാൻ മനസിലാക്കിയ കാര്യമാണ് എന്നെ ഈ ലേഖനം എഴുതാൻ പ്രേരിപ്പിച്ചത്.
മറ്റൊന്നുമല്ല
"മണിക്ക് പകരം മണി മാത്രം........ "
ഒരിക്കലെങ്കിലും മണിയുടെ നാടൻപാട്ടുകൾക്ക് ചെവിയോർത്താൽ അത് നമ്മുടെ ചുണ്ടുകളിൽ പുഞ്ചിരി പകർന്നു നൽകും.........
സേതുമോഹൻ
3023

No comments:
Post a Comment