ഒരു പ്രണയലേഖനം
എല്ലാ ദിവസവും എന്റെ പിന്നാലെ നടക്കുന്ന ചേട്ടന് ,
എനിക്ക് ചേട്ടനെ ഇഷ്ടമാണ് , ചേട്ടൻ വിചാരിക്കും ഇന്നലെ വരെ
വെറുപ്പാണെന്നു പറഞ്ഞവൾ എന്തേ ഇങ്ങനെ പറയാൻ .അതെ എനിക്കിഷ്ടമാണ് ... ഞാൻ ജീവിതത്തിൽ ഇതുവരെ ആരെയും പ്രണയിക്കണമെന്നു വിചാരിച്ചിട്ടില്ല .. പക്ഷെ ഇന്നുമുതൽ അങ്ങനെ വിചാരിക്കാൻ എനിക്ക്
നിർവാഹമില്ല ,കാരണം എനിക്ക് ഭയമാണ് ... ചേട്ടനോട് ഞാൻ ഇഷ്ടമല്ലെന്നു പറഞ്ഞാൽ ചേട്ടൻ കോളേജിൽ വന്ന് പെട്രോളൊഴിച്ചു എന്നെ കത്തിച്ചാലോ ... മരിക്കാൻ എനിക്ക് പേടിയാണ് ...അതുകൊണ്ട്
ഞാൻ ചേട്ടനെ പ്രണയിക്കാം ..
ചേട്ടനോട് ഞാൻ എന്നെ ഇനി പിന്നാലെനടന്നു ശല്യപ്പെടുത്തരുത് എന്ന് പറഞ്ഞാൽ ചേട്ടൻ എന്റെ മുഖത്തു ആസിഡൊഴിച്ചാലോ ? അത്കൊണ്ട് ഞാൻ ചേട്ടനെ പ്രണയിക്കാം ... ഞാൻ എന്റെ അച്ഛന്റെ അടുത്ത് ചേട്ടനെ പറ്റി പരാതിപ്പെട്ടാൽ ചേട്ടൻ എന്നെ വഴിയരികിൽ വച്ച് വെട്ടിനുറുക്കിയാലോ ? അതുകൊണ്ട് ഞാൻ ചേട്ടനെ പ്രണയിക്കാം ...
ചേട്ടനെ അല്ലാതെ മറ്റാരെയെങ്കിലും ഞാൻ പ്രണയിച്ചു പോയാൽ
ഇരുട്ടിന്റെ മറവിൽ ചേട്ടൻ എന്നെ പിച്ചി ചീന്തിയാലോ ? അതുകൊണ്ട് ഞാൻ ചേട്ടനെ പ്രണയിക്കാം ...
എന്റെ സ്വപനങ്ങളും ആഗ്രഹങ്ങളുമൊക്കെ ഞാൻ വേണ്ടെന്നു വച്ച് ഞാൻ ചേട്ടനെ പ്രണയിക്കാം ... അത് നിങ്ങളോട് ഉള്ളത് കൊണ്ടല്ല മറിച്ചു എനിക്കെന്നോടു തന്നെ സ്നേഹമുള്ളതു കൊണ്ടാണ് .... ഞാൻ നിങ്ങളെ പ്രണയിക്കാം .........
സ്നേഹത്തോടെ ആമി
EMMANUVAL J
3061
No comments:
Post a Comment